ഗവേഷകരെ ആഴക്കടലിലേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ സ്വപ്ന പദ്ധതി ഉടൻ നടപ്പിലാകും. 6000 മീറ്റർ ആഴമുള്ള ആഴക്കടലുകളിൽ വരെ ഗവേഷണം നടത്താൻ സഹായിക്കുന്ന പുതിയ പേടകം ഇസ്രോ ഗവേഷകരാണ് വികസിപ്പിച്ചെടുക്കുന്നത്. ക്രൂ മൊഡ്യൂളിന്റെ ഡിസൈൻ ഇസ്രോ വിദഗ്ധർ വിജയകരമായി വികസിപ്പിച്ചെടുത്തു. 10,000 കോടിയുടേതാണ് ഇന്ത്യയുടെ ഡീപ് ഓഷൻ മിഷൻ.ആഴക്കടലിലേക്ക് ഗവേഷകരെ കൊണ്ടുപോകാനുള്ള ക്യാപ്‌സൂളിന്റെ രൂപകൽപന ഇസ്രോ വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന് ഇനി അധികൃതരിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാൽ രൂപകൽപന പ്രകാരമുള്ള പേടകം നിർമിക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവൻ നായർ രാജീവൻ പറഞ്ഞു. വിവിധ പഠനങ്ങൾക്കായി മുങ്ങാവുന്ന വാഹനം കടലിനടിയിൽ ഏകദേശം 6,000 മീറ്റർ ആഴത്തിൽ വരെ സഞ്ചരിക്കും. എന്നാൽ നാവിക സേന ഉപയോഗിക്കുന്ന അന്തർവാഹിനികൾക്ക് 200 മീറ്റർ ആഴത്തില്‍ വരെ മാത്രമേ എത്തിച്ചേരാനാകൂ.
