തൃശൂർ: സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം, രാഷ്ട്രീയക്കാരനായാലെ നല്ല ജനപ്രതിനിധി ആവാൻ കഴിയൂ എന്നും മാധ്യമങ്ങൾ എപ്പോഴും തന്നെ സ്‌തുതിക്കണമെന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്. വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല. എന്നാൽ രാജീവ് ചന്ദ്രശേഖർ വിഷയങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. കേരളത്തിന് പുറത്ത് മുസ്‌ലീങ്ങളെപ്പോലെ തന്നെ ക്രിസ്ത്യാനികളെയും ദ്രോഹിക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്.

കേരളത്തിൽ മാത്രമാണ് വോട്ടിന് വേണ്ടി ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നത്. ജബൽപൂരിന് പുറമേ ഒഡീഷയിൽ നടന്നതും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ലേഖനം വന്നതും ഇതിനുദാഹരണമാണ്. ഓർഗനൈസറിലെ ലേഖനം അവരുടെ അഭിപ്രായമാണ്. കേന്ദ്രസർക്കാർ കഴിഞ്ഞാൽ ഏറ്റവും അധികം ഫണ്ട് ക്രൈസ്‌തവ വിഭാഗത്തിനാണെന്നാണ് അതിൽ പറയുന്നത്.

ക്രൈസ്‌തവ വിഭാഗം സഭയുടെ മാത്രം സ്വത്തായിട്ടല്ല ആ ഫണ്ട് ഉപയോഗിക്കുന്നത്. ഈ രാജ്യത്ത് ആരോഗ്യ സ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉണ്ടാക്കി നാടിന്‍റെ നന്മയ്ക്കായാണ് അവർ ആ ഫണ്ട് ഉപയോഗിക്കുന്നത്. അതിനെയാണ് അവർ മതപരമായിട്ടുള്ള രീതിയിൽ കാണുന്നത്. അതേസമയം ന്യൂനപക്ഷ വിഭാഗങ്ങളെ ഒരുമിച്ചു കാണാൻ ബിജെപി തയ്യാറാകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

അതാണ് അഹമദാബാദ് എഐസിസിയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. വഖഫ് ബില്ലിലൂടെ മുസ്‌ലീങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കാനുള്ള ശ്രമം നടന്നു. അടുത്തതായി ക്രിസ്‌ത്യാനികളുടെ നേർക്കായിരിക്കും അക്രമങ്ങൾ നടക്കുക. വഖഫ് ബോർഡിൽ അമുസ്‌ലീങ്ങളെ വയ്ക്കുന്നത് ദേവസ്വം ബോർഡിൽ അഹിന്ദുക്കളെ വയ്ക്കുന്നതിന് തുല്യമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

ബിജെപി കോൺഗ്രസ് എന്നിവ ദേശീയ പാർട്ടികളാണ്. ദേശീയ പാർട്ടികൾക്ക് ദേശീയ നയമുണ്ടാകണം. അല്ലാതെ ഓരോ സംസ്ഥാനത്തും ഓരോ നയമാകരുതെന്നും കെ മുരളീധരൻ പറഞ്ഞു.