<p>കോഴിക്കോട്: മുക്കം അഗസ്ത്യമുഴിയിലെ ഹോട്ടലിൽ നിന്നും 80,000 രൂപതട്ടിയെടുത്ത് മുങ്ങിയ നേപ്പാൾ സ്വദേശിയെ അതിസാഹസികമായി പൊലീസ് പിടികൂടി. ശ്രീജൻ ദമായി (20) യാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ ജോളാർപെട്ട് റെയിൽവേ സ്‌റ്റേഷനിൽ വച്ച് പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. റെയിൽവേ പൊലീസും മുക്കം പൊലീസും ചേർന്നാണ് പ്രതി ശ്രീജൻ ജമായിയെ പിടികൂടിയത്. ശനിയാഴ്‌ച പുലർച്ചെ രണ്ടു മണിയോടെയാണ് മുക്കം അഗസ്ത്യമൊഴിയിലെ നഹ്ദി റെസ്‌റ്റോറൻ്റിൽ നിന്ന് പണം മോഷണം പോകുന്നത്. മേശവലിപ്പിൽ സൂക്ഷിച്ച 80000 രൂപ കാണാത്ത വിവരം ശ്രദ്ധയിൽപ്പെടുകയപം ചെയ്‌തു. ജീവനക്കാരനായ ശ്രീജൻ ദമായിയെ കാണാത്തത് സംശയത്തിൽ എത്തിക്കുകയായിരുന്നു. പിന്നാലെ ഹോട്ടലിലെ സിസിടിവി ദൃശ്യം പരിശോധിക്കുകയും മേശവലിപ്പിൽ സൂക്ഷിച്ച പണം പ്രതി എടുക്കുന്നത് കാണുകയും ചെയ്‌തു. ഉടൻതന്നെ ഹോട്ടൽ ഉടമ മുക്കം പൊലീസിൽ പരാതി നൽകി. തുടർന്ന് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി തമിഴ്‌നാട്ടിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയാണെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെ, മുക്കം പൊലീസ് ഓഫിസർമാരും റെയിൽവേ പൊലീസും ചേര്‍ന്ന് പ്രതിയെ അറസ്‌റ്റ് ചെയ്‌തു.</p>