<p>മലപ്പുറം: കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ സർവീസ് നടത്തുന്ന കൊണ്ടോട്ടി തുറക്കലിൽ സന ട്രാവൽസിൻ്റെ ബസാണ് പൂർണമായും കത്തിനശിച്ചത്. </p><p>രാവിലെ 8:45 ഓടെയായിരുന്നു സംഭവം. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അപകട വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യാത്രക്കാരെ എല്ലാം ബസിൽ നിന്ന് പൂർണമായി ഒഴിപ്പിച്ചു. ഡ്രൈവർ സമയോചിതമായി ബസ് നിർത്തി യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. </p><p>ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കുകളില്ല. എന്നാൽ യാത്രക്കാരുടെ ബാഗുകൾ കത്തിനശിച്ചു. യാത്രക്കാർ ഇറങ്ങിയതിന് തൊട്ടുപിന്നാലെ ബസ് പൂർണമായി തീയിൽ ആളിക്കത്തുകയായിരുന്നു. സംഭവ വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ അധിക സമയമെടുക്കാതെ തന്നെ ബസ് പൂർണമായും കത്തിനശിച്ചു. </p><p>അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം താത്‌കാലികമായി നിർത്തിവച്ചു. വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള ക്രമീകരണങ്ങൾ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. അപകടകാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. </p>