<p>തൃശൂർ: കടലിൽ മത്സ്യബന്ധനത്തിനായി വിരിച്ച വല കണ്ടെയ്‌നറിൽ കുടുങ്ങി. മത്സ്യ തൊഴിലാളികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടം. അഴീക്കോട് നിന്നും മത്സ്യ ബന്ധനത്തിന് പോയ 'സംസം' എന്ന വള്ളത്തിലെ ജീവനക്കാർക്കാണ് വലയും മത്സ്യവും അടക്കം നഷ്‌ടമായത്. കൊച്ചി തീരത്ത് നിന്നും 15 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. കടലില്‍ വിരിച്ച വല കണ്ടെയ്‌നറില്‍ കുടുങ്ങുകയായിരുന്നു. ഇത് വലിച്ചെടുക്കാന്‍ സാധിച്ചില്ല ഇതോടെ സംഘം മറ്റ് വള്ളക്കാരുടെ സഹായം തേടി. വലിച്ചെടുത്ത വല പൂർണമായും തകര്‍ന്ന നിലയിലാണെന്നും തൊഴിലാളികള്‍ പറഞ്ഞു. അടുത്തിടെ കടലിൽ അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും വീണ കണ്ടെയ്‌നറിൽ കുടുങ്ങിയാണ് വല നശിച്ചതെന്നാണ് തൊഴിലാളികളുടെ സംശയം. 30 ലക്ഷം രൂപയുടെ നഷ്‌ടമാണ് ഉണ്ടായത്. ഏകദേശം 20 ലക്ഷത്തിലധികം രൂപയുടെ വലയും 10 ലക്ഷത്തോളം രൂപയുടെ മത്സ്യവും നഷ്‌ടപ്പെട്ടതായി മത്സ്യ തൊഴിലാളികൾ പറഞ്ഞു. വല പുനർനിർമ്മിച്ച് വീണ്ടും മത്സ്യ ബന്ധനത്തിനിറങ്ങാൻ ആഴ്ച്ചകൾ വേണ്ടിവരും. മത്സ്യ ഫെഡിൽ നിന്നും വായ്‌പ്പയെടുത്താണ് വലയും മറ്റ് സാധനങ്ങളും വാങ്ങിയതെന്ന് തൊഴിലാളിയായ നൗഷാദ് പറഞ്ഞു. കടലിൽ വല നഷ്‌ടപ്പെടുന്ന സംഭവങ്ങൾ സമീപകാലത്ത് ഏറിവരികയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി തീരത്തിന് പടിഞ്ഞാറ് വച്ച് മഹാവിഷ്‌ണു, യുകെ ബ്രദേഴ്‌സ് എന്നീ വള്ളങ്ങളുടെ വലയും നഷ്‌ടപ്പെട്ടിരുന്നു.</p>