<p>പത്തനംതിട്ട: അടൂരില്‍ ഇരുചക്ര വാഹന ഷോറൂമിൽ വൻ തീപിടിത്തം. ഇരുപത്തഞ്ചോളം വാഹനങ്ങള്‍ കത്തി നശിച്ചു. കെ പി റോഡില്‍ അടൂർ കോട്ടമുകള്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ടി.വി.എസിൻ്റെ അംഗീകൃത സര്‍വീസ് സെൻ്ററില്‍ ആണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ സര്‍വീസ് സെൻ്ററില്‍ നിന്നും തീ ഉയരുന്നതായി ഫയര്‍ ഫോഴ്‌സിന് സന്ദേശം ലഭിച്ചു. ഉടന്‍ തന്നെ പത്തനംതിട്ടയില്‍ നിന്ന് ആറംഗ സംഘം ഉള്‍പ്പെടുന്ന യൂണിറ്റും അടൂരില്‍ നിന്ന് 11 അംഗ സംഘം ഉള്‍പ്പെടുന്ന രണ്ട് യൂണിറ്റും സ്ഥലത്തെത്തി. സമീപത്തുള്ള ഇരുനില കെട്ടിടത്തിൻ്റെ മുകളിലേക്ക് തീ ആളിപ്പടര്‍ന്നു. കെട്ടിടത്തിന് ഇരുവശങ്ങളിലും വീടുകളും ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന ഫ്ലാറ്റുകളും കടകളും ഉണ്ടായിരുന്നു. ഇത് ആശങ്കയ്ക്ക് കാരണമായി. ഫയര്‍ഫോഴ്‌സിൻ്റെ സമയോചിത ഇടപെടൽ കൊണ്ട് സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നില്ല. സര്‍വീസ് സെൻ്ററിനുള്ളില്‍ നിറഞ്ഞ കനത്ത പുകയും ഇരുട്ടും കാരണം വളരെ ദുഷ്‌കരമായ സാഹചര്യത്തിലാണ് ഫയര്‍ഫോഴ്‌സ് ഇവിടെ പ്രവര്‍ത്തിച്ചത്. കോട്ടണ്‍ വേസ്റ്റും അപ്‌ഹോള്‍സ്റ്ററികളും ഓയില്‍, ഗ്രീസ്, പെട്രോള്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളും കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്നത് അപകടത്തിൻ്റെ തീവ്രത വര്‍ധിപ്പിച്ചു. മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി സര്‍വീസ് സെൻ്ററിൻ്റെ ഷട്ടര്‍ പൊളിച്ച് ഉള്ളില്‍ കടന്ന് മൂന്ന് വാഹനത്തില്‍ നിന്നും ഒരേ സമയം വെള്ളം പമ്പ് ചെയ്‌ത് തീ അണച്ചത് വലിയ അപകടമൊഴിവാക്കി. സംഭവം പുലര്‍ച്ചെ ആയതിനാലും കെ.പി റോഡില്‍ തിരക്ക് ഇല്ലാതിരുന്നതിനാലും വന്‍ അപകടം ഒഴിവായി. പന്തളം സ്വദേശി രവീന്ദ്രൻ്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് കെട്ടിടം. ഏഴ് വര്‍ഷമായി ഇവിടെ ടിവിഎസ് സര്‍വീസ് സെൻ്റർ പ്രവര്‍ത്തിച്ചു വരികയാണ്. കെട്ടിടത്തോട് ചേര്‍ന്ന് പിന്‍ വശത്തായി ഒരു താത്കാലിക ഷെഡ് നിര്‍മിച്ച് വാഹനങ്ങള്‍ അതിനുള്ളില്‍ ആണ് സൂക്ഷിച്ചിരുന്നത്. ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങള്‍ ഒന്നും ഇവിടെ പാലിച്ചിരുന്നില്ല. മുപ്പതോളം വാഹനങ്ങള്‍ക്ക് പുറമെ കത്താന്‍ പര്യാപ്‌തമായ നിരവധി വസ്‌തുക്കളും വലിയ അളവില്‍ ഈ ഷെഡിനുള്ളില്‍ സൂക്ഷിച്ചിരുന്നു, ഇത് തീ ആളിപ്പടരുന്നതിന് കാരണമായി. മറ്റ് കാരണങ്ങൾ വ്യക്തമല്ല. </p>