<p>കോട്ടയം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ച് ബിജെപി. ദേവസ്വം മന്ത്രിയുടെ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രി വിഎന്‍ വാസവന്‍റെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് നീണ്ടൂര്‍ റോഡില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സംഘം പ്രതിഷേധം നടത്തിയത്. ഏറ്റുമാനൂര്‍ തവളക്കുഴിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ വനിത പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന സെക്രട്ടറി അനൂപ് ആന്‍റണിയാണ് മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌തത്. ശബരിമല സ്വര്‍ണപ്പാളി കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്‌ണ കുമാര്‍, മേഖലാ ഉപാധ്യക്ഷന്‍ ടിഎന്‍ ഹരികുമാര്‍, ജില്ലാ പ്രസിഡന്‍റ് ലിജില്‍ ലാല്‍, പിജി ബിജുകുമാര്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. ശബരിമലയിലുണ്ടായ സ്വര്‍ണ മോഷണം എല്ലാവരിലും ഞെട്ടലുണ്ടാക്കിയെന്ന് വൈസ് ചെയര്‍മാന്‍ പികെ കൃഷ്‌ണദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍ഡിഎ നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. </p>