<p>തൃശൂര്‍: കാട്ടുകൊമ്പൻ കബാലിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ച് മലക്കപ്പാറയിലേക്ക് പോകുകയായിരുന്ന വിനോദസഞ്ചാരികൾ. ഹോൺ മുഴക്കിയും വാഹനം മുന്നോട്ട് എടുത്തുമാണ് കാട്ടാനയെ തമിഴ്‌നാട് സ്വദേശികൾ പ്രകോപിപ്പിച്ചത്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ഊർജിതമാക്കി. അതിരപ്പിള്ളി മലക്കപ്പാറ ഭാഗത്ത് സ്ഥിരമായി എത്തുന്ന കാട്ടുകൊമ്പൻ കബാലി മദപ്പാടിലാണെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടയാണ് ഞായറാഴ്‌ച രാത്രി ആനയെ വിനോദസഞ്ചാരികൾ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. കാട്ടാന വാഹനം ആക്രമിച്ചെങ്കിലും വിനോദസഞ്ചാരികൾ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ആനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വനം വകുപ്പ് അന്വേഷണം ഊർജിതമാക്കിയത്. TN 43 P 3916 എന്ന നമ്പറിലുള്ള വാഹനം ആണ് ദൃശ്യത്തിലുള്ളത്. ഇത് അടിസ്ഥാനമാക്കി അന്വേഷണം തുടരും. സംഭവം നടക്കുമ്പോൾ വനപാലകർ പ്രദേശത്ത് ഉണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. മൂന്നുദിവസമായി ആനക്കയം ഭാഗത്ത് പതിവായി എത്തുകയാണ് കബാലി. തിങ്കളാഴ്‌ച മുതൽ ഈ ഭാഗത്തേക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെയാണ് മദപ്പാടിലുള്ള ഒറ്റയാൻ കബാലി അന്തർ സംസ്ഥാന പാതയിൽ ആനക്കയത്ത് 15 മണിക്കൂറിലധികം നിലയുറപ്പിച്ചത്. ഇതേതുടർന്ന് വാഴച്ചാൽ മലക്കപ്പാറ റോഡിൽ പൂർണമായും ഗതാഗതം നിലച്ചിരുന്നു. </p>
