കോട്ടയം: അപ്രതീക്ഷിതമായിരുന്നു രാഷ്ട്രപതിയുടെ ആ നീക്കം. ഒരു ദിവസത്തെ കോട്ടയം സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു കുമരകത്തിന്‍റെ സൗന്ദര്യം ആസ്വദിച്ച് കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു. രാഷ്ട്രപതിയുടെ വാഹന വ്യൂഹം വരുന്നത് കാണാന്‍ സാമാന്യം വലിയ ജനക്കൂട്ടം പ്രത്യേകിച്ചും സമീപത്തുള്ള സ്കൂള്‍ കുട്ടികളടക്കമുള്ളവര്‍ ഇല്ലിക്കൽ ചന്തക്കവലയില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.

രാഷ്ട്രപതിയുടെ വാഹനവ്യൂഹം കണ്ണില്‍പ്പെട്ടതും കുഞ്ഞുങ്ങളടക്കമുള്ള ജനക്കൂട്ടം ആര്‍ത്തു വിളിച്ചു. മൂന്ന് അകമ്പടി വാഹനങ്ങള്‍ക്ക് പിറകിലായി എത്തിയ രാഷ്ട്രപതിയുടെ കാര്‍ പതുക്കെ നിന്നു. ഏവരേയും അമ്പരപ്പിച്ച് രാഷ്ട്രപതി കാറില്‍ നിന്ന് പുറത്തേക്കിറങ്ങി. കുട്ടികള്‍ക്കും കാത്തു നിന്നവര്‍ക്കുമരികിലേക്കെത്തി.

കാത്തു നിന്ന കുട്ടികള്‍ രാഷ്ട്രപതിക്ക് കൈകൊടുക്കാന്‍ മുന്നോട്ടാഞ്ഞു. സുരക്ഷാ ഭടന്മാര്‍ മതിലു തീര്‍ക്കാന്‍ മുതിര്‍ന്നപ്പോള്‍ വിലക്കി പ്രഥമ വനിത കുട്ടികള്‍ക്കടുത്തേക്ക്. കാത്തു നിന്ന കുട്ടികള്‍ക്ക് ചോക്ക്ലേറ്റ് സമ്മാനിച്ചാണ് പ്രഥമ വനിത ഏവരേയും അമ്പരപ്പിച്ചത്. ചന്തക്കവലയിലെ നാട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കുമൊക്കെ ഇതൊരു പുതിയൊരനുഭവമായിരുന്നു.

ഹൃസ്വ സമയത്തേക്കുള്ള സന്ദർശനമായിരുന്നെങ്കിലും കോട്ടയത്തിൻ്റെ തനിമയും, കായൽ ഭംഗിയുമെല്ലാം ആവോളമാസ്വദിച്ച ശേഷമാണ് രാഷ്ട്രപതി കൊച്ചിലേക്ക് യാത്രയായത്. വ്യാഴാഴ്‌ച കുമരകം താജ് ഹോട്ടലിലായിരുന്നു രാഷ്ട്രപതി രാത്രി തങ്ങിയത്.

വെള്ളിയാഴ്‌ച രാവിലെ കുമരകത്തിൻ്റെയും, കായലിൻ്റെയും ഭംഗി ആസ്വദിക്കാൻ രാഷ്ട്രപതി സമയം കണ്ടെത്തി. രാവിലെ 10 ഓടെ താജ് ഹോട്ടലിൽ നിന്നു കോട്ടയത്തേക്കുള്ള കാർ യാത്രയ്ക്കിടെയാണ് രാഷ്ട്രപതി ദ്രൗപദി മുർമു കുമരകം ചന്തക്കവലയിൽ ഇറങ്ങിയത്. നിന്നിരുന്ന സ്‌കൂൾ കുട്ടികൾക്ക് ചോക്ലേറ്റ് വിതരണം ചെയ്യാനും രാഷ്ട്രപതി സമയം കണ്ടെത്തി. തുടർന്ന് അക്ഷര നഗരിയോട് യാത്ര പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും കൊച്ചിക്ക് യാത്രയായി.