<p>ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രാംനഗറില്‍ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ഏകദേശം 18 അടി നീളവും 175 കിലോഗ്രാം ഭാരവുമുള്ള കൂറ്റൻ പെരുമ്പാമ്പിനെയാണ് കണ്ടെത്തിയത്. പാമ്പിനെ കണ്ടയുടൻ പ്രദേശവാസികൾ ടെറായി വെസ്റ്റ് ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും വനം വകുപ്പ് സംഘം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനത്തില്‍ വിട്ടയക്കുകയും ചെയ്‌തു. കഠിനമായ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. 175 കിലോഗ്രാമും ഭാരമുള്ള പെരുമ്പിന് 18 അടിയിൽ കൂടുതൽ നീളമുണ്ടെന്ന് പാമ്പുപിടിത്തക്കാരനായ താലിബ് ഹുസൈൻ പറഞ്ഞു. ഈ വലിപ്പത്തിലുള്ള പെരുമ്പാമ്പുകൾ അപൂർവമാണ്. ജനസാന്ദ്രതയുള്ള പ്രദേശത്തിന് സമീപമാണ് പെരുമ്പാമ്പിനെ കണ്ടതെന്ന് ഗ്രാമവാസികൾ പറഞ്ഞു. പാമ്പിനെ പിടികൂടുന്നതിനിടെ സ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങളോട് അകലം പാലിക്കാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. വന്യജീവികളെ കണ്ടാൽ പരിഭ്രാന്തരാകരുതെന്നും, ഉടൻ തന്നെ വനംവകുപ്പിനെ അറിയിക്കണമെന്നും വനംവകുപ്പ് ഗ്രാമവാസികളോട് അഭ്യർഥിച്ചു. ശൈത്യകാലത്ത് പെരുമ്പാമ്പുകളും മറ്റ് ജീവികളും പലപ്പോഴും തുറസായ സ്ഥലങ്ങളിലേക്ക് ഇറങ്ങാറുണ്ട്. അതിനാൽ, ജാഗ്രത പാലിക്കാൻ വനംവകുപ്പ് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, വനംവകുപ്പിൻ്റെ വേഗത്തിലുള്ള നടപടിയെ ഗ്രാമവാസികൾ പ്രശംസിച്ചു. ഈ പെരുമ്പാമ്പ് സാധാരണയായി മനുഷ്യരെ ആക്രമിക്കാറില്ലെന്നും ഇന്ത്യൻ റോക്ക് പെരുമ്പാമ്പ് ഇനത്തിൽ പെട്ടതാണ് ഇതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എവിടെയെങ്കിലും ഒരു പാമ്പിനെ കണ്ടാൽ അതിനെ കൊല്ലാനോ ഉപദ്രവിക്കാനോ ശ്രമിക്കരുതെന്നും വനം വകുപ്പിനെ അറിയിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പറഞ്ഞു.</p><p>Also Read: തെരുവ് നായ കേസ്: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തി സുപ്രീംകോടതി</a></p>
