കോട്ടയം: റോഡിലും പാടശേഖരങ്ങളിലും ശുചിമുറി മാലിന്യം തള്ളുന്നത് രൂക്ഷമാകുന്നതായി ആരോപണം. നാട്ടകം പാറേച്ചാൽ ബൈപ്പാസ് റോഡിലും സമീപമുള്ള പാടശേഖരങ്ങളിലുമാണ് ശുചിമുറി മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ജില്ലയിൽ നെൽകൃഷി സജീവമായി നടക്കുന്ന ഗ്രാവ്, പെരുനിലം, തൈങ്ങനാടി പാടശേഖരങ്ങളുടെ നടുവിലൂടെയുള്ള പാറേച്ചാൽ ബൈപ്പാസിലാണ് മാലിന്യ നിക്ഷേപം അതിരൂക്ഷമായി നടക്കുന്നത്. രാത്രിയിൽ ടാങ്കറുകളിൽ എത്തിയാണ് മാലിന്യം നിക്ഷേപിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജില്ലയ്ക്ക് പുറത്തു നിന്നും മാലിന്യങ്ങൾ തള്ളുന്നതായി നാട്ടുകാർ കൂട്ടിച്ചേർത്തു. ഇതോടെ പ്രദേശവാസികളായ കർഷകരും, യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്. നാട്ടകം ട്രാവൻകൂർ സിമൻ്റ്സ് ഫാക്‌ടറിയുടെ സമീപം സമൂഹ്യ വിരുദ്ധരാണ് ടാങ്കറിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറഞ്ഞു. സമീപത്തെ ജലസ്രോതസുകളും ശുചിമുറി മാലിന്യം തള്ളുന്നതുകാരണം മലിനമായി. പുഞ്ച കൃഷിക്ക് നിലമൊരുക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള നടപടികൾ വലിയ ദുരിതമാണ് സൃഷ്‌ടിക്കുന്നതെന്ന് പ്രദേശവാസിയും കർഷകനുമായ അനിയപ്പൻ പറഞ്ഞു. "ജോലി ചെയ്യാനോ പുറത്തിറങ്ങാനോ ആകാത്ത സാഹചര്യമാണ് ഇവിടെ. മൂന്ന് പാഠശേഖരങ്ങളിൽ സ്ഥിരമായി മാലിന്യം തള്ളുന്നു. റോഡുകളിലും സ്ഥിരമായി ശുചിമുറി മാലിന്യം തള്ളുന്നുണ്ട്. അധികാരികൾ ഉടൻ നടപടിയെടുക്കണം. പാഠശേഖരങ്ങളിൽ കൃഷിയിറക്കാനാവാത്ത സാഹചര്യമാണ്." അനിയപ്പൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറേ നാളുകളായി പാറേച്ചാൽ നാട്ടകം ബൈപ്പാസ് റോഡിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാണെന്നും ഇവർ പറയുന്നു. നിരീക്ഷണ ക്യാമറ സംവിധാനങ്ങൾ ഇല്ലാത്തതിനാലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണം. ഇതിനാൽ നിരീക്ഷണ ക്യാമറകളും, പൊലീസിൻ്റെ രാത്രികാല പട്രോളിങും ശക്തമാക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.