<p>റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ജനവാസ മേഖലയില്‍ പുള്ളിപ്പുലി. അടൽ ബിഹാരി വാജ്‌പേയി പവർ പ്ലാൻ്റിനടുത്താണ് പുലിയെ കണ്ടത്. ഇന്ന് (ഒക്‌ടോബര്‍ 29) വൈകുന്നേരത്തോടെയാണ് സംഭവം. വാച്ച് ടവറിലെ ഗാര്‍ഡാണ് പുള്ളിപ്പുലിയെ കണ്ടത്. ടവറില്‍ നിന്നും അദ്ദേഹം പുലിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ടവറിന് മുമ്പിലുള്ള റോഡിലൂടെ നടന്ന് വന്ന പുലി പാതയോരത്തെ കുറ്റിക്കാടുകളിലൂടെ പോകുന്നതിന്‍റെ ദൃശ്യങ്ങളാണുള്ളത്. പുലിയെ കണ്ടതോടെ വനം വകുപ്പ് സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. പുലിയുടെ വീഡിയോയിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റോഡില്‍ നിന്നും നേരെ കുറ്റിക്കാട്ടിലേക്ക് പോയതിനാല്‍ പുലിയുടെ കാല്‍പ്പാടുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രദേശവാസികള്‍ ആശങ്കയിലാണ്. അതേസമയം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കി. പുലിയെ കണ്ട ടവറിനും പരിസരത്തും വനം വകുപ്പ് പട്രോളിങ് നടത്തുന്നുണ്ട്. രാത്രിയില്‍ പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്നും വനം വകുപ്പ് നിര്‍ദേശിച്ചു. രാവിലെ വയലില്‍ ജോലിക്കെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഈ മേഖലയില്‍ സ്ഥിരമായി വന്യജീവി സാന്നിധ്യമുണ്ടാകാറുണ്ടെന്നും അതിന് പരിഹാരം കാണണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. </p>
