<p>കോട്ടയം: പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ താത്‌കാലിക ഗ്യാലറി തകർന്നുവീണ് വിദ്യാർഥികൾക്ക് പരിക്ക്. 15 വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. തകർന്നു വീണ ഗാലറിയുടെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. ഇന്ന് (ഒക്‌ടോബര്‍ 31) രാവിലെ 8:45 ഓടെയാണ് സംഭവം. സർദാർ വല്ലഭായി പട്ടേലിൻ്റെ ജന്മ വാർഷികത്തോട് അനുബന്ധിച്ച് കേന്ദ്ര കായിക വകുപ്പ് സംഘടിപ്പിച്ച എൻ്റെ ഭാരതം പരിപാടിക്കിടെയാണ് അപകടം. എൻസിസി- എൻഎസ്എസ് വിദ്യാർഥികൾ പരിപാടിക്കായി ഒരുങ്ങുന്നതിനിടയാണ് അപകടം ഉണ്ടായത്. പരിപാടിയുടെ ഭാഗമായി വിവിധ യൂണിറ്റുകളിൽ നിന്ന് എത്തിയ വിദ്യാർഥികൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. വിദ്യാർഥികളുടെ എണ്ണം എടുക്കുന്നതിനായി താത്കാലിക ഗ്യാലറിയിൽ കയറ്റി നിർത്തിയപ്പോൾ അപ്രതീക്ഷിതമായ ഗ്യാലറി തകർന്നു വീണത്. പരിക്കേറ്റ വിദ്യാർഥികളെ പാലാ ജനറൽ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഈ അടുത്ത കാലത്ത് ഒരുപാട് വിദ്യാലയങ്ങളിൽ ഇതിന് സമാനമായ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അധ്യാപകരുടേയും രക്ഷിതാക്കളുടേയും അശ്രദ്ധ കുറവാണ് ഒരു പരിധി വരെ അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. ജാഗ്രത കുറവ് മൂലം ഉണ്ടാവുന്നത് വലിയ അപകടങ്ങളാണ് എന്നതാണ് വാസ്‌തവം.</p>
