<p>ഛത്തീസ്‌ഗഡിൽ കുട്ടിയാന ഉൾപ്പെടെ നാല് ആനകൾ കിണറ്റിൽ വീണു. നാല് മണിക്കൂർ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ ആനകൾ കരകയറി. ഇന്ന് (നവംബർ 04) രാവിലെ ബർണവാപാറ വന്യജീവി സങ്കേതത്തിന് അടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. വിവരം അറിഞ്ഞയുടനെ വനംവകുപ്പ് സംഭവസ്ഥലത്ത് എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു. നാല് മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ ആനകൾ തിരിച്ച് കയറി. ശേഷം കാട്ടിലേയ്‌ക്ക് മടങ്ങുകയും ചെയ്‌തു. അതേസമയം കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ഒരു കർഷകൻ മരിച്ചിരുന്നു. എന്നാൽ ആ സമയത്ത് സഹായത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ബന്ധപ്പെട്ട അധികൃതർ ആരും എത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. 'ആനയുടെ ആക്രമണത്തിൽ കങ്കുരം താക്കൂർ കൊല്ലപ്പെട്ടു. അന്ന് ഉദ്യോഗസ്ഥർ എത്തിയില്ല. ആനകൾ വീണപ്പോൾ മുഴുവൻ സംഘവും എത്തിയിരിക്കുന്നു. മനുഷ്യജീവന് വിലയില്ലേ?' എന്ന് ഫാം ഉടമ ടിക്നെസ് ധ്രുവ് ആരോപിച്ചു. ഛത്തീസ്‌ഗഡിലെ ഏറ്റവും പ്രശസ്‌തമായ വന്യജീവി മേഖലകളിൽ ഒന്നാണ് ബർണവാപാറ വന്യജീവി സങ്കേതം. ഇതിനോട് ചേർന്നുള്ള ഗ്രാമങ്ങളിലാണ് ആനക്കൂട്ടങ്ങൾ ഒന്നിച്ചെത്തി കൃഷിയും മറ്റും നശിപ്പിക്കുന്നത്. മിക്ക സമയങ്ങളിലും ഉദ്യോഗസ്ഥർ ഇവർക്ക് നേരെ കണ്ണടയ്‌ക്കുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. </p>
