<p>പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പത്തനംതിട്ട കണമലയ്ക്ക് സമീപമാണ് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരിൽ 4 പേരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കര്‍ണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന 33 തീര്‍ഥാടകരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം നടന്നത്. ഇറക്കം ഇറങ്ങി വന്ന ബസ് നിയന്ത്രണം വിട്ട് റോഡിൻ്റെ സൈഡിലുള്ള തിട്ടയിലിടിച്ച ശേഷം മറിയുകയായിരുന്നു. ബസിന്‍റെ ബ്രേക്ക് നഷ്‌ടമായതാണ് അപകടത്തിന് കാരണം. അപകടം നടന്നയുടൻ തന്നെ മോട്ടോർ വാഹന വകുപ്പും പൊലീസും സ്ഥലത്ത് എത്തി. ബസ് റോഡിലേക്ക് മറിഞ്ഞതോടെ ശബരിമല തീർഥാടന പാതയിൽ ഗതാഗതം തടസപ്പെട്ടു. ബസ് റോഡിൽ നിന്നും നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മണ്ഡല മകര വിളക്ക് തീര്‍ഥാടനം ആരംഭിച്ചതിന് പിന്നാലെ നിരവധി വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എരുമേലിയിലും ഇന്ന് തീര്‍ഥാടക വാഹനം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. </p>
