<p>ഹിമാചല്‍പ്രദേശ്: ധര്‍മശാലയില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടം. വിനോദ സഞ്ചാരിയും പൈലറ്റും വൈദ്യുതി ലൈനില്‍ കുടുങ്ങി. രണ്ടര മണിക്കൂറിന് ശേഷം ഇരുവരെയും സുരക്ഷിതമായി താഴെയിറക്കി. ധർമ്മശാലയിലെ ഇന്ദ്രനാഗില്‍ ഇന്നലെയാണ് (നവംബര്‍ 21) സംഭവം. ദാദാനുവില്‍ നിന്നും പറന്നുയര്‍ന്ന പാരാഗ്ലൈഡര്‍ അല്‍പം അപ്പുറത്ത് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് വൈദ്യുതി ലൈനില്‍ കുടുങ്ങുകയായിരുന്നു. ഉയര്‍ന്ന വൈദ്യുത പ്രവാഹ ശേഷിയുള്ള ലൈനുകള്‍ക്കിടയിലാണ് ഇരുവരും കുടുങ്ങിയത്. ഭാഗ്യവശാല്‍ ഇരുവര്‍ക്കും വൈദ്യുതാഘാതമേറ്റില്ല. വിവരം ലഭിച്ചയുടന്‍ പൊലീസ് എസ്‌ആർഎഫ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നീണ്ട രണ്ടര മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ ഇരുവരെയും സുരക്ഷിതമായി താഴെയിറക്കി. തുടര്‍ന്ന് ഇരുവരെയും സോണൽ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചൂവെന്ന് ധര്‍മശാല എഎസ്‌പി കാംഗ്ര ബിർ ബഹാദൂർ പറഞ്ഞു. എസ്‌ഡിആർഎഫ്, അഗ്നിശമന സേന എന്നിവർ വിജയകരമായ രക്ഷാപ്രവർത്തനം നടത്തിയെന്നും പൈലറ്റിനെയും ടൂറിസ്റ്റിനെയും സുരക്ഷിതമായി താഴെയിറക്കിയെന്നും ബിർ ബഹാദൂർ കൂട്ടിച്ചേര്‍ത്തു. പൈലറ്റിൻ്റെ ലൈസൻസും അപകടകാരണവും പാരാഗ്ലൈഡിൻ്റെ സുരക്ഷയെയും കുറിച്ച് പരിശോധനകള്‍ നടക്കുന്നുണ്ടെന്നും എഎസ്‌പി അറിയിച്ചു. </p>
