<p>കോഴിക്കോട്: അരയിടത്തുപാലത്ത് പ്രവർത്തിക്കുന്ന ബേബി മെമ്മോറിയൽ ആശുപത്രി കെട്ടിടത്തിനു മുകളിൽ ഉണ്ടായ തീപൂർണമായി അണച്ചു. ഇന്ന് രാവിലെ 9.45 ഓടെയാണ് വന്‍ തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. എസി ചില്ലറിനാണ് തീപിടിച്ചത്. പുതിയ ബ്ലോക്കിൻ്റെ ഒമ്പതാം നിലയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് ഏറെനേരം പ്രദേശത്താകെ കറുത്ത പുക പടർന്ന് ഇരുണ്ട അന്തരീക്ഷമായിരുന്നു. ഇതോടെ കോഴിക്കോട് ബീച്ച്, വെള്ളിമാടുകുന്ന് മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നും ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു. കെട്ടിടത്തിനു മുകളിൽ കയറിയാണ് തീ അണക്കുന്നതിനുള്ള ശ്രമം നടത്തിയത്. പെട്ടെന്ന് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതോടെ വലിയ അപകടമാണ് ഒഴിവായതെന്ന് അഗ്നിരക്ഷസേന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒമ്പതാം നിലയിൽ എസി ബ്ലോക്കിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇവിടെ വെൽഡിങ് ജോലി ചെയ്യുന്നതിനിടയിൽ സ്‌പാർക്കായാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. തീപിടിത്തം ഉണ്ടായ സ്ഥലത്ത് രോഗികളൊന്നും ഇല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തൊട്ട് താഴെയുള്ള വാർഡുകളിൽ നിന്നും രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് നിരവധി പൊലീസുകാരെയും ബേബി മെമ്മോറിയൽ ആശുപത്രി പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. കോഴിക്കോട് മാവൂർ റോഡിലും, എരഞ്ഞിപ്പാലം റോഡിലും ഗതാഗതം തടസപ്പെട്ട നിലയിലാണ്. ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുകളിൽ തീപിടിത്തം ഉണ്ടായ വിവരം അറിഞ്ഞതോടെ നാടാകെ വലിയ ആശങ്കയിലായിരുന്നു. തീ നിയന്ത്രിച്ചതോടെ ഏറെ നേരത്തെ ആശങ്കയ്ക്കാണ് അറുതിയായത്.</p>
