<p>മലപ്പുറം: തെരുവ് നായ ആക്രമണത്തിൽ നിന്ന് നാലു വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ആതവനാട് വടക്കേകുളമ്പിലാണ് സംഭവം. നാലു വയസുകാരി ആയിഷ നബിയാണ് തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് കഷ്‌ടിച്ച് രക്ഷപെട്ടത്. കുട്ടി വടക്കേകുളമ്പിലെ വീട്ട് മുറ്റത്ത് കളിക്കാനിറങ്ങിയപ്പോഴാണ് തെരുവുനായ കുട്ടിയുടെ ആടുത്തേയ്‌ക്ക് പാഞ്ഞടുത്തത്. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയതോടെയാണ് നായ കുട്ടിയുടെ അടുത്ത് നിന്ന് തിരികെപോയത്. കുട്ടി കരഞ്ഞ് നിലവിളിച്ചോടുന്നതും വീട്ടുകാർ ഓടി വന്ന് കുട്ടിയെ നായയിൽ നിന്ന് രക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. </p><p>കേരളത്തിലൊട്ടാകെ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 3.16 ലക്ഷം തെരുവ് നായ ആക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നാണ് നിയമസഭാ രേഖയില്‍ പറയുന്നത്. പേവിഷ ബാധയേറ്റ് 26 മരണങ്ങളും 2024 ൽ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത് തിരുവനന്തപുരത്താണെന്നും കണക്കുകള്‍ പറയുന്നു. 50,870 കേസുകളാണ് ജില്ലയിൽ മാത്രം റിപ്പോർട്ട് ചെയ്‌തത്. 37,618 കേസുകൾ കൊല്ലത്തും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.</p>
