<p>വയനാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മാനന്തവാടിയിലെത്തി വോട്ട് രേഖപ്പെടുത്തി വനിതാ ക്രിക്കറ്റ് താരം സജന സജീവൻ. മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നിന്ന് മാനന്തവാടി സർക്കാർ യുപി സ്‌കൂളിലെത്തിയാണ് സജന സജീവൻ സമ്മതിദാനം രേഖപ്പെടുത്തിയത്. കുടുംബത്തോടൊപ്പം എത്തിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്.</p><p><i>'വോട്ട് ചെയ്യാനായി എത്തിയതാണ്. ഞാൻ മുംബൈ ഇന്ത്യൻസ് ക്യാമ്പിലാണ് ഉണ്ടായിരുന്നത്. ഒരു പൗരൻ്റെ അവകാശമാണ് വോട്ട് ചെയ്യുക എന്നുള്ളത്. അതിനാൽ എനിക്ക് പറയാനുള്ളത്, നിങ്ങള്‍ക്ക് കിട്ടുന്ന ഈ അവസരം നിങ്ങള്‍ വിനിയോഗിക്കുക. നിങ്ങളുടെ ഇഷ്‌ടത്തിനാണ് വോട്ട് ചെയ്യേണ്ടത്. അതിനാൽ എല്ലാവരും സമ്മതിദാനം തീർച്ചയായും വിനിയോഗിക്കുക'</i>- വനിതാ ക്രിക്കറ്റ് താരം സജന സജീവൻ മാധ്യമങ്ങളോട് പറഞ്ഞു. </p><p>വയനാട് സ്വദേശിയായ മിന്നുമണിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിൽ അഭിമാനമായി ഉയർന്ന് വന്ന മലയാളി താരമാണ് സജന സജീവൻ. വനിതാ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്‍റെ വിജയ റണ്‍സ് കുറിച്ചതോടെയാണ് സജനയെ ലോകമറിഞ്ഞത്. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടറാണ് സജന സജീവൻ. </p>
