<p>തൃശൂർ: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം. കാലടി പ്ലാൻ്റേഷൻ അതിരപ്പിള്ളി എസ്‌റ്റേറ്റ് 17ാം ബ്ലോക്കിലെ ശിവ ക്ഷേത്രത്തിനും തൊട്ടടുത്ത തൊഴിലാളി ലയങ്ങൾക്കും നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. ആനകൾ ശ്രീകോവിലിൻ്റെ നടയും തൊട്ടടുത്ത ഓഫിസിൻ്റെ വാതിലും തകർത്തു. സാധനങ്ങൾ പുറത്തേക്ക് വലിച്ചിട്ട നിലയിലാണ്. ക്ഷേത്രത്തിനോട് ചേർന്ന് താമസിക്കുന്ന രാജേന്ദ്രൻ, ഷാജി എന്നിവരുടെ ക്വാർട്ടേസുകൾ പൊളിച്ച് അകത്ത് കയറിയ ആനകള്‍ വീട്ടിലെ സാധനങ്ങൾ എല്ലാം നശിപ്പിച്ചു. ഒരു മാസം മുമ്പ് തൊട്ടടുത്ത പള്ളിയിലും കാട്ടാന കൂട്ടം ആക്രമണം നടത്തി. കാട്ടാന ഭീഷണി നേരിടുന്ന പ്രദേശമാണ് ടി എസ് ആർ ക്വാട്ടേഴ്‌സ്. കാട്ടാന ഭീഷണി മൂലം 60 ഓളം കുടുംബങ്ങളാണ് ഇവിടെ നിന്നും സ്ഥലം മാറിപ്പോയത്. രാത്രി കാലങ്ങൾ ഈ വഴി സഞ്ചരിക്കുന്നത് അപകടമാണെന്നും കാട്ടാന ആക്രമണം രൂക്ഷമായതിന് പിന്നാലെ നിരവധി പേർ ഇവിടെ നിന്ന് മാറി താമസിക്കുകയാണെന്നും പ്രദോശവാസികൾ പറഞ്ഞു. സുരക്ഷ വേലി അടക്കമുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വേനല്‍ക്കാലം കടുത്താല്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇതിന് വേഗത്തില്‍ പരിഹാരം വേണമെന്ന് നാട്ടുകാര്‍ പറഞ്ഞു. </p>
