<p>തൃശൂർ: സ്വകാര്യ ബസിൽ ഡ്രൈവറുടെ സാഹസിക യാത്ര. കിലോമീറ്ററുകളോളം ദൂരത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ചായിരുന്നു ഡ്രൈവറുടെ സാഹസിക യാത്ര. തൃശൂർ ഒറ്റപ്പാലം റൂട്ടിലോടുന്ന ജോളിയെന്ന സ്വകാര്യ ബസിലാണ് യാത്രക്കാരുടെ ജീവൻ വച്ച് ഡ്രൈവർ സാഹസിക യാത്ര നടത്തിയത്. അത്താണി മുതൽ വടക്കാഞ്ചേരി വരെയുള്ള യാത്രക്കിടയിൽ നിർത്താതെ ഫോണിൽ സംസാരിക്കുകയായിരുന്നു ഡ്രൈവർ.</p><p>ബസിൽ നിരവധി യാത്രക്കാർ യാത്ര ചെയ്യുന്നുണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരിൽ ഒരാൾ ഡ്രൈവർ ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇയാൾ ഫോണിൽ സംസാരിച്ച് കൊണ്ട് യാത്ര നടത്തുന്നതിനിടയിൽ കൈക്കുഞ്ഞുമായി ഒരു സ്‌ത്രീ ബസിൽ കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. എന്നാൽ ഇതൊന്നും ഡ്രൈവറുടെ പോൺ വിളി നിർത്താൻ കാരണമായില്ല. </p><p>വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. വീഡിയോ പ്രചരിച്ചതോടെ പ്രതികരണവുമായി മോട്ടോർ വാഹന വകുപ്പും രംഗത്തെത്തി. സംഭവത്തിൽ ഉടൻ കേസെടുക്കുമെന്നും ഡ്രൈവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. ഇന്ത്യയിൽ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മോട്ടോർ വാഹന നിയമം 1988-ലെ സെക്ഷൻ 184 പ്രകാരം കുറ്റകരമാണ്. 5,000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻ്റ് ചെയ്യുകയും ചെയ്യും.</p>
