<p>പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാഹനാപകടം. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും മിനി ബസും കൂട്ടിയിടിച്ചു. ഒരാള്‍ മരിച്ചു. കര്‍ണാടക സ്വദേശിയാണ് മരിച്ചത്. പത്ത് പേര്‍ക്ക് പരിക്ക്. റാന്നി<br>മന്ദിരംപടിയ്‌ക്ക് സമീപം ഇന്ന് (ജനുവരി 08) ഉച്ചയ്‌ക്ക് 12.30ഓടെയാണ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. അതേസമയം ദര്‍ശനത്തിനായി പോകുന്ന സംഘമായിരുന്നു ബസില്‍. അതിവേഗത്തിലായിരുന്ന ഇരു വാഹനങ്ങളും മന്ദിരംപടിയ്‌ക്ക് സമീപം വച്ച് കൂട്ടിയിടിക്കുകയായിരുന്നു. തമിഴ്‌നാട് തൃശനാപള്ളിയില്‍ നിന്നുള്ളവരാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ അടക്കം 20 പേരാണ് ബസിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്‍റെ ചില്ല് തകര്‍ന്നതോടെ ഒരാള്‍ പുറത്തേക്ക് തെറിച്ചുപോയെന്ന് ബസിലുണ്ടായിരുന്ന തീര്‍ഥാടകര്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകട വിവരം അറിഞ്ഞതോടെ റാന്നി പൊലീസും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വാഹനങ്ങളില്‍ കുടുങ്ങി കിടന്നവരെ പുറത്തെടുത്തു. തുടര്‍ന്ന് അപകടത്തില്‍ പരിക്കേറ്റവരെ പത്തനംതിട്ടയിലെയും റാന്നിയിലെയും ആശുപത്രികളിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. </p>
