<p>ഇടുക്കി: പാഞ്ഞെത്തിയ ടോറസ് ലോറി താഴ്‌ചയിലുള്ള വീടിന് മുകളിലേക്ക് മറിഞ്ഞു. നെടുങ്കണ്ടം താന്നിമൂട് സ്വദേശി അബ്‌ദുല്‍ റസാക്കിൻ്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഇതോടെ വീട് പൂര്‍ണമായും നശിച്ചു. ആളപായമില്ല. റോഡ് നിർമാണത്തിനായി മെറ്റലുമായി എത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. കൊടുംവളവ് തിരിയ്ക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റോഡിന് താഴ്ഭാഗത്തെ വീടിന് മുകളിലേയ്‌ക്ക് പതിക്കുകയായിരുന്നു. വലിയ വാഹനങ്ങള്‍ക്ക് കടന്ന് പോകാനാവാത്ത പാതയിലൂടെ ലോഡുമായി വന്ന ലോറിക്ക് കയറ്റത്ത് വച്ച് നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. വീട് പൂർണമായും ഉപയോഗ ശൂന്യമായി. വീട്ടുപകരണങ്ങളും നശിച്ചു. കുട്ടികൾ സ്‌കൂളിലേക്കും മുതിർന്നവർ വിവിധ ആവശ്യങ്ങൾക്കായി പുറത്തേയ്ക്കും പോയ സമയത്താണ് അപകടം. അതിനാൽ വൻ ദുരന്തം ഒഴിവായി. വലിയ വാഹനം കടന്ന് പോകാത്ത പാതയിലൂടെ ലോഡുമായി വാഹനം എത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനും ഇടയാക്കി. വീടിൻ്റെ ലോണ്‍ തീര്‍ന്നതിന് പിന്നാലെയാണ് അപകടമെന്ന് അബ്‌ദുല്‍ നാസര്‍ പറഞ്ഞു. "റോഡിന് ഉറപ്പില്ല. കൊടും വളവ് ആയതുകൊണ്ട് ലോറിക്ക് സഞ്ചരിക്കാനാകില്ലെന്നും അതോടെ നിയന്ത്രണം വിട്ട ലോറി താഴേക്ക് പതിക്കുകയായിരുന്നുവെന്നും അബ്‌ദുല്‍ നാസര്‍ പറഞ്ഞു. അഞ്ച് ലക്ഷത്തോളം രൂപയുടെ വീട്ടുപകരണങ്ങള്‍ നശിച്ചൂവെന്നും" അബ്‌ദുല്‍ നാസര്‍ കൂട്ടിച്ചേര്‍ത്തു.</p>
