<p>കണ്ണൂര്‍: പാനൂരിൽ പത്തൊമ്പതുകാരി കുഴഞ്ഞുവീണു മരിച്ചു. ചമ്പാട് അരയാക്കൂലിലെ നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് റഫീഖ് ഷെമിന ദമ്പതികളുടെ മകൾ ഫാത്തിമ റെന ആണ് മരിച്ചത്. പൂക്കോത്തെ ഗ്ലോബൽ ടെക്ക് സെൻ്ററിലെത്തിയതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലും തുടർന്ന് ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രാവിലെ 8.30 ന് പാനൂർ ജുമാ അത്ത് മസ്ജിദ് ഖബർസ്ഥാനിൽ വച്ച് നടന്നു. പഠനത്തിലും മറ്റും സജീവമായിരുന്ന റെനയുടെ മരണം ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും വലിയ നോവായി മാറി. അതേസമയം, അക്ഷയ സെൻ്ററില്‍ വച്ച് ഫാത്തിമ കുഴഞ്ഞു വീണതിൻ്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്‌ക്ക്. സിപിആര്‍ നല്‍കുന്നതിൻ്റെ പ്രാധാന്യം സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. "കുഴഞ്ഞു വിഴുമ്പോൾ സിപിആര്‍ കൊടുക്കുന്നതും ഭക്ഷണം തൊണ്ടക്കകത്തു കുടുങ്ങുമ്പോള്‍ എങ്ങനെ ആവ്യക്തിയെ രക്ഷപ്പെടുത്താം എന്നുള്ള പരിശീലനം സ്കൂളുകളിൽ പഠിപ്പിക്കുന്നത് നന്നായിരിക്കും, അതുപോലെ ട്രാഫിക് നിയമം സ്വഭാവം ശുദ്ധി അങ്ങനെയെല്ലാം" ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. "ഹൃദയസ്തംഭനം പോലെയുള്ള അടിയന്തര ഘട്ടങ്ങളിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന മാർഗ്ഗമാണ് സി.പി.ആർ (CPR - Cardiopulmonary Resuscitation). രോഗിയെ തറ പോലുള്ള ഉറപ്പുള്ള ഉപരിതലത്തിൽ നിവർത്തി കിടത്തുക. രോഗിയുടെ തോളിൽ തട്ടി ഉറക്കെ വിളിക്കുക. പ്രതികരണമില്ലെങ്കിൽ ശ്വാസമെടുക്കുന്നുണ്ടോ എന്ന് 5-10 സെക്കൻഡ് പരിശോധിക്കുക. രോഗിക്ക് ശ്വാസമില്ലെങ്കിൽ ഉടൻ കംപ്രഷൻ ആരംഭിക്കുക. കൈകളുടെ സ്ഥാനം: നെഞ്ചിൻ്റെ മധ്യഭാഗത്ത് (Center of chest) ഒരു കൈപ്പത്തി വെച്ച് അതിനു മുകളിൽ മറ്റേ കൈ കോർത്ത് പിടിക്കുക. നിങ്ങളുടെ കൈമുട്ടുകൾ വളയാതെ, തോളുകൾ രോഗിയുടെ നെഞ്ചിന് നേരെ മുകളിലായി വെച്ച് താഴേക്ക് അമർത്തുക.നെഞ്ച് ഏകദേശം 2 മുതൽ 2.4 ഇഞ്ച് (5-6 cm) വരെ താഴേക്ക് അമരണം.മിനിറ്റിൽ 100 മുതൽ 120 തവണ എന്ന വേഗതയിൽ അമർത്തുക" എന്ന് മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. </p>
